ഞാറ്റുവേല മഹോത്സവം 25 ജൂൺ 2026 മുതൽ 28 ജൂൺ 2026 വരെ ആനന്ദപുരം ഇ എം എസ് ഹാളിൽ
ഭൂമിശാസ്ത്രവും ഭൂപടവും

തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുല്ലൂര്‍, മുരിയാട്, ആനന്ദപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിന് 58 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 18 വാര്‍ഡുകളുള്ള മുരിയാട് പഞ്ചായത്തിന്റെ അതിരുകള്‍, പടിഞ്ഞാറുഭാഗത്ത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പറപ്പൂക്കര, കൊടകര, ആളൂര്‍ പഞ്ചായത്തുകളും, വടക്കുഭാഗത്ത് പറപ്പൂക്കര പഞ്ചായത്തും, തെക്കുഭാഗത്ത് ആളൂര്‍, വേളൂക്കര പഞ്ചായത്തുകളുമാണ്. പഴയ കൊച്ചീരാജ്യത്തെ നെല്ലറകളില്‍ ഒന്നായിരുന്നുവെന്ന് ചരിത്രരേഖകളില്‍ സൂചിപ്പിക്കപ്പെടുന്ന മുരിയാട് കായല്‍ ഇവിടെയാണ്. ചെറുകിടകര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരുമാണ് ഇവിടുത്തെ ജനങ്ങളില്‍ തൊണ്ണൂറുശതമാനവും. കേരവൃക്ഷങ്ങള്‍ സമൃദ്ധിയായി വളരുന്ന ഫലഭൂയിഷ്ഠമായ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. ആനന്ദപുരം മുരിയാട് പ്രദേശം (1 മുതല്‍ 5 വരെ വാര്‍ഡുകള്‍), പുല്ലൂര്‍ ഊരകം (6 മുതല്‍ 10 വരെ വാര്‍ഡുകള്‍) എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി പരസ്പരം വേറിട്ടുനില്‍ക്കുന്ന രണ്ട് ഭൂവിഭാഗങ്ങള്‍ ചേര്‍ന്നതാണ് മുരിയാട് പഞ്ചായത്ത്. മുരിയാട് കായലിന്റെ വിസ്തൃതമായ കായലോരവും കാര്‍ഷികോപയുക്തമായ ചെരിവുപ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് ഭൂപ്രകൃതി. പഴയ കൊച്ചി രാജ്യത്തെ തൃശ്ശിവപേരൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മുരിയാട് ഗ്രാമപഞ്ചായത്ത്. രൂപംകൊള്ളുമ്പോള്‍ അഞ്ച് വാര്‍ഡ് മാത്രമായിരുന്നു. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് തളിയന്‍ ലോനപ്പനായിരുന്നു. 1962-ല്‍ കേരളത്തില്‍ വില്ലേജ് പുനര്‍നിര്‍ണ്ണയം നടന്നപ്പോള്‍ 9 വാര്‍ഡുകളും ഇപ്പോള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ 18 വാര്‍ഡുകളുമായി പഞ്ചായത്ത് നിലകൊള്ളുന്നു.

 

Map
  • Delimitation